Saturday, December 7, 2024

 

ഗ്രാമംപാടുന്നു

Rema Pisharody
(2013)

പാടുന്നുകുയിലുകൾ,

എങ്ങോമറന്നിട്ട

ഗ്രാമം പാടുന്നപോലെ….


വഴിയിലായ്മൺതളികയതിലായ്

തുടുക്കുന്ന ഹരിതപ്രഭാതങ്ങൾപോലെ,.

ഇളവേനലൊരു മിഴിതുമ്പിൽ

വസന്തത്തെയെഴുതുന്നപോലെ.

ഗ്രാമംപാടുന്നു, പാട്ടിന്റെയുള്ളിലായ്

പാൽക്കുടങ്ങൾതുളുമ്പുന്നു..


പകൽതിളങ്ങും ഗ്രീഷ്മവർണ്ണങ്ങളിൽ

കനൽസ്വർണ്ണvനിറമാർന്ന കസവുvതുന്നുമ്പോൾ

ഇടവേളയിൽvവിരുന്നെത്തുന്നvവേനലിനരുവിയിൽ

പെയ്യുന്നതൂമഴത്തുള്ളിപോൽ

ഗ്രാമംപാടുന്നുവീണ്ടും,

ഗ്രാമംപാടുന്നുവീണ്ടും….

 

ആവണിയൊരൂഞ്ഞാൽപ്പടിയ്ക്കുള്ളിലേറ്റുന്ന

ഓണം പാടുന്ന പോലെ

വയലിലെനെയ്താമ്പൽപ്പൂവിറുത്തൊഴുകുന്ന

ഒരുകൊച്ചുബാല്യംപോലെ…..

കാറ്റുപാടുന്നു;

കാറ്റുപാടുന്നുകാറ്റിന്റെയിതളിലായ്

കൈതകൾ പൂക്കും സുഗന്ധം..


പകലുതീക്കനലായെരിഞ്ഞുകത്തും

നിഴൽവഴിയിലെ മദ്ധ്യാഹ്നരോഷം

കനലിൽകടഞ്ഞുതീർത്തക്ഷരങ്ങൾ

നിറഞ്ഞുലയിലെ സ്വർണ്ണം പോലെ

ഗ്രാമംപാടുന്നു പാതിവഴിയിൽ കണ്ട

പൂവരശുപൂവുകൾക്കിടയിൽ…

 

അപരാഹ്നമൊരു ശരത്ക്കാലമായ്

മിന്നുന്നപവിഴമല്ലിപ്പൂക്കളിൽ

പഴയപായ്വഞ്ചിയിൽപാതിരാ-

മണലിലേയ്ക്കൊഴുകുന്നമേഘങ്ങളിൽ,

ഗ്രാമംപാടുന്നുനീൾവഴികളെത്തുന്ന

സായന്തനത്തിന്റെയുള്ളിൽ

ശീതകാലത്തിന്റെശിഖരങ്ങളിൽ

മഞ്ഞുപൂവുകൾഉറയുന്നരാവിൽ

പുതിയപൂർവാഹ്നങ്ങൾതുടികൊട്ടി

യുണരുന്നകടലിന്റെയാന്ദോളനത്തിൽ

ഗ്രാമംപാടുന്നുവീണ്ടും,ഗ്രാമംപാടുന്നുവീണ്ടും…..

പാടുന്നുകുയിലുകൾഎങ്ങോമറന്നിട്ട

ഗ്രാമംപാടുന്നപോലെ…

 

കല്ലുകൾ

(ഭൂമിയുടെ സ്പർശമുള്ള കല്ലുകൾ)

Rema Pisharody

 

ഭൂമിയുടെ ഓരോയിടങ്ങളിലെ കല്ലുകൾ എൻ്റെ എൻ്റെ വിശേഷപ്പെട്ട കൗതുകങ്ങളിലൊന്നാണ്.   എവിടെ യാത്ര  പോയാലും  ഭംഗിയുള്ള ഒരു ചെറിയ കല്ല്  ആ ദേശത്തെ ഓർമ്മിക്കാൻ  കൊണ്ട്  വരുന്നത് ശീലമായിരുന്നു.  ഒരിക്കൽ  യാത്രക്കിടയിൽ  ഹൊന്നാവരയിൽ താമസിക്കേണ്ടി വന്നു. അവിടെ പ്രഭാതസവാരിക്കിറങ്ങിയപ്പോൾ   പഴങ്ങൾ വിൽക്കുന്ന  ഒരു പയ്യൻ ഗൈഡായി കൂടെ കൂടി. അപ്സരകുണ്ട് എന്ന മനോഹരമായ തടാകം പല സിനിമകളുടെയും ചിത്രീകരണം നടക്കുന്ന ഇടമാണെന്ന് ആ കുട്ടി പറഞ്ഞു ഒരു റെയിൽപ്പാലം ചൂണ്ടിക്കാട്ടി പറഞ്ഞു ശരാവതി നദിക്ക് മേലെയുള്ള കർണ്ണാടകയിലെ ഏറ്റവും വലിയ റെയിൽപ്പാലമാണത്. അപ്സരകുണ്ട് മനോഹരമായ സ്ഥലമായിരുന്നു. അവിടെ നിന്ന്  ഒരു കല്ല് ആ ഭൂമിയുടെ സ്മൃതിയായി കൈയിലേറ്റി.

 

 വിയന്നയിലുള്ള ഏറ്റവും പ്രിയപ്പെട്ട സ്നേഹിത ഷൈനി എന്താണ് കൊണ്ട് വരേണ്ടത് എന്ന് ചോദിച്ചപ്പോൾ ഡാന്യൂബിനരികിലെ ഒരു കല്ല്  തരൂ എന്ന് പറയാനേ കഴിഞ്ഞുള്ളൂ.  പതിനൊന്ന് യൂറോപ്യൻ രാജ്യങ്ങളിലൂടെ ഒഴുകുന്ന ഡാന്യൂബിനരികിലെ വെള്ളാരം കല്ലുകൾ എൻ്റെ കൈയിലെത്തി. മറ്റൊരു ഭൂഖണ്ഡത്തിൻ്റെ സ്പർശമുള്ള ആ കല്ലുകൾ എൻ്റെ പ്രഷ്യസ് കളക്ഷനിൽ ഇന്നും സുരക്ഷിതമായിരിക്കുന്നു. വീടുകൾ മാറുമ്പോൾ ഈ കല്ലുകളൊക്കെ എങ്ങനെ ഭദ്രമായി സൂക്ഷിക്കും എന്നൊരു ആകാംക്ഷയായിരുന്നു എനിക്ക് കൂടുതലുണ്ടായിരുന്നത്.

 

വാക്കുകളാകുന്ന കല്ലുകളാൽ മറ്റുള്ളവരെ മുറിവേൽപ്പിക്കുന്നത് സാഹിത്യത്തിൻ്റെ മാത്രം പ്രത്യേകതയാണെന്ന് മനസ്സിലാക്കിയത് പിന്നീടാണ്. ഒരു ആശയത്തിനെതിരേ ആശയപരമായി പ്രതികരിക്കാതെ കല്ലുകളെറിയുന്നവരാണധികവും, മറ്റുള്ളവരുടെ വാക്ക് കേട്ട് ആൾക്കൂട്ടത്തിനോട് കൂടി ചേർന്ന് കല്ലെറിയുന്നവരുടെ എണ്ണവും ഇന്ന് ഏറിയിട്ടുണ്ട് . 

 

 സ്കൂൾക്കാലം കടന്ന് മൂന്ന് പതിറ്റാണ്ടും കടന്ന് കവിത വീണ്ടും സമാധിയിൽ നിന്നുണർന്ന്  കൂടെ നടക്കാൻ തുടങ്ങിയപ്പോഴാണ്  വാക്കിൻ്റെ  കല്ലുകളേൽപ്പിക്കുന്ന മുറിവുകളറിയാനായത്. അതീവ ബഹുമാനത്തോടെ ദൈവികമായ ശ്രീകോവിലിലേയ്ക്ക് കടക്കും പോലെയാണ് ആദ്യകാലത്ത് സാഹിത്യത്തിൻ്റെ മണ്ണിലേയ്ക്ക് പതിയെ കാൽ വച്ചത്.  തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനരികിലാണ് ഏറ്റവും കൂടുതൽ കല്ലേറ് നടക്കുന്നതെന്ന് ഒരു സുഹൃത്ത് പറഞ്ഞതോർമ്മിക്കുന്നു. പക്ഷെ ഇപ്പോൾ മനസ്സിലാകുന്നത് വാക്കിലൂടെയാണ് ഏറ്റവും കൂടുതൽ കല്ലേറുകൾ നടക്കുന്നത്. ക്യാപ്സൂൾ വാക്കിലൂടെ രാഷ്ട്രിയക്കല്ലേറുകൾ, കോക്കസുകളുടെ അങ്ങോടുമിങ്ങോടുമുള്ള വാക്ക് കല്ലേറുകൾ.

 

മറ്റുള്ളവർ നമുക്ക് നേരെ എറിയുന്ന കല്ലുകൾ കൊണ്ട് മൈൽ സ്റ്റോൺ ഉണ്ടാക്കുക എന്ന സച്ചിൻ തെണ്ടുൽക്കറിൻ്റെ വാക്ക് ആദ്യമൊക്കെ ആകർഷകമായി അനുഭവപ്പെട്ടിരുന്നു. ഇപ്പോഴുള്ള ചിന്തയിൽ ആ ആശയമില്ല. എന്തിനാണ് മറ്റുള്ളവരെറിയുന്ന അവരുടെ മനസ്സിൻ്റെ വികലത പകർത്തിയ കല്ലുകൾ കൊണ്ട് നാഴികക്കല്ലുകൾ പണിയുന്നത്. അതങ്ങുപേക്ഷിക്കുക. ഭൂമിയുടെ മനോഹരമായ ഇടങ്ങൾ അതിമനോഹരങ്ങളായ കല്ലുകൾ നമുക്കേകുന്നുണ്ടല്ലോ.  നല്ല മനസ്സിൻ്റെ ഉടമകളായവർ വാക്കുകളുടെ മനോഹരമായ സഞ്ചയം തന്നെ നമുക്കേകുമ്പോൾ എന്തിനാണ്  ദുരുദ്ദേശത്തോടെ നമ്മൾക്ക് നേരെ എറിയുന്ന കല്ലുകൾ നമ്മൾ സ്വീകരിക്കുന്നത്.

 

വാക്കുകൾ കൊണ്ട് വസ്ത്രാക്ഷേപം നടത്താൻ ശ്രമിച്ച  വികലമനസ്സുള്ള കവിയെ അൺഫ്രണ്ടും ബ്ലോക്കും ചെയ്യേണ്ടി വന്നു.   ആ വികലമനസ്സ് ദുശ്ശാസ്സനനെപ്പോലെയുള്ളതാണ്. വസ്ത്രാക്ഷേപമാണ് സ്ത്രീയെ അപമാനിക്കാൻ ഏറ്റവും ക്രൂരമായ ആയുധം എന്ന്  വിശ്വസിക്കുന്നവൻ. നോക്കൂ സഭയിലെ ഗുരുക്കന്മാർ തലകുനിച്ചിരിക്കുകയേ ഉള്ളൂ. നടി ആക്രമിക്കപ്പെട്ടപ്പോൾ നമ്മൾ കണ്ടതാണ്. ഇവിടെ ദ്രുപദരാജപുത്രിയോ, നടിയോ സ്വയം വസ്ത്രാക്ഷേപം ചെയ്തതല്ല,  അധികാരത്തിൻ്റെ ധാർഷ്ട്യം അത് ചെയ്തതാണ്. ആയിരമായിരം കാഴ്ചക്കാരായി ഉണ്ടാകും. അത് കൊണ്ടാണല്ലോ  കേശമിത് കണ്ടു നീ കേശവാ ഗമിക്കേണം എന്ന് ഭഗവദ് ദൂതിൽ ദ്രൗപദി പറയുന്നത്. നടി വർഷങ്ങളായി നീതിക്ക് വേണ്ടി യുദ്ധം ചെയ്യുന്നതും അതേ മനസ്ഥിതിയോടെയാണ്. പക്ഷേ മനുഷ്യൻ്റെ മനസ്സിലെ ചിന്തകൾ പോലും അറിയാനാവുന്ന ഒരു ശക്തിയുണ്ട്

 വന്ദ്യഗുരുക്കന്മാർ ശിരസ്സ് കുനിച്ചിരിക്കുമ്പോൾ  നമ്മുടെയെല്ലാം മനസ്സിലെ ചിന്തകൾ വരെ കാണാൻ കഴിവുള്ള ആ ഒരാൾ നമ്മളെ സഹായിക്കും എന്ന് വിശ്വസിക്കുക.   കൗരവരുടെ രത്നക്കല്ലുകളെക്കാൾ മികച്ച കല്ലുകൾ ഭൂമിയിലുണ്ട്.

 

കല്ലുകൾ കൊണ്ട് സാമ്രാജ്യം പണിയാം, മറ്റുള്ളവരെ മുറിവേൽപ്പിക്കാം, അലങ്കാരവസ്തുവായി സൂക്ഷിക്കാം. എൻ്റെ കൈയിൽ ഗംഗയുടെ ഉത്ഭവമൂലത്തിലെ കല്ലുണ്ട്. സ്പേസിൽ നിന്ന് കൊണ്ട് വന്ന കല്ല് കൈ കൊണ്ട് തൊടാൻ ഭാഗ്യമുണ്ടായ കേരളത്തിലെ ഒരാളെ കുറിച്ച്  വായിച്ചിട്ടുണ്ട്.

 

വാക്കുകൾ കൊണ്ട് പ്രകോപനം നടത്തുന്നവരുണ്ട്. വീണുപോകാതിരിക്കുക. പ്രത്യേകം പറയുന്നത്. ' ഭൃഗു ചവിട്ടയ അടയാളം ആദരവോടെ  ശ്രീവൽസം എന്ന് മറുകായി സൂക്ഷിച്ച വിഷ്ണുവിൻ്റെ ക്ഷമ നമ്മൾ മനുഷ്യർക്കില്ല ക്ഷമയില്ലാത്തവരാണ് മനുഷ്യരിൽ ഭൂരിഭാഗവും.  ശ്രീവത്സം മാറില് ചാര്ത്തിയ ശീതാംശുകലേ ശ്രീകലേ  എന്ന് വയലാറെഴുതിയ  പോലെ വരികൾ എഴുത്തുകാർ എഴുതാൻ ശ്രമിച്ചേക്കും . പക്ഷെ  ക്ഷമ അതുണ്ടാകാൻ  അതികഠിനമായ സാധന ആവശ്യമാണ്. ആനി ഫ്രാങ്കിൻ്റെ ഡയറിയിൽ പറയുന്നുണ്ട് കടലാസിന് മനുഷ്യനെക്കാൾ ക്ഷമയുണ്ട് എന്ന്. 

 

ഇന്ന് ഡോക്ടർ ഐഡ എന്ന ഡോക്ടറുടെ ദുരന്തകഥ വായിച്ചു  ഇറാനിൽ സ്ത്രീയുടെ മനുഷ്യാവകാശ പ്രകടനങ്ങളിൽ  പങ്കെടുത്ത് മുറിവേറ്റവരെ വീടുകളിൽ പോയി ചികിൽസിച്ചതിന് ഒരു കണ്ണ് ചൂഴ്ന്നെടുക്കപ്പെട്ടു എന്നത് നടുക്കത്തോടെയാണ് വായിച്ചത്. 'ന സ്ത്രീ സ്വാതന്ത്ര്യമർഹസി എന്നാരോ ഇപ്പൊഴും അരികിൽ ഉറക്കെ വിളിച്ച് പറയുന്നു.  ഭൂമി അതിൻ്റെ സൃഷ്ടികൾക്ക് കൊടുക്കുന്ന സ്വാതന്ത്ര്യം മനുഷ്യർ മറ്റ് മനുഷ്യർക്ക് നിഷേധിക്കുന്നു. ശക്തി കൂടിയവർ അധികാരവും, ആൾക്കൂട്ടവുമായി വന്ന് നിസ്സഹായരെ ആക്രമിക്കുന്നു. പലരും നിശ്ശബ്ദരാകുന്നതിൻ്റെ കാരണമിതാണ്.

 

എതിർശബ്ദങ്ങളെ കല്ലെറിഞ്ഞ് വീഴ്ത്തുന്ന ലോകത്തിനിടയിലൂടെ സഞ്ചരിക്കുക  എന്നത് ശ്രമകരമാണ്. അത് കൊണ്ടാവും പ്രതികരണത്തിൻ്റെ കല്ലുകൾ പോലും തേനിലും പാലിലും കലർത്തി മധുരം പോലെ തോന്നിക്കും വിധം പലരും തിരികെയേകുന്നത്. ആൾക്കൂട്ടത്തിനിടയിലൂടെ കല്ലേറ് കൊള്ളാതെ ബുദ്ധിപരമായി നീങ്ങുന്നവരും, ബുദ്ധിപരമായി തിരികെ കല്ലെറിയുന്നവരും,  കല്ല് അതേ പോലെ തന്നെ  തിരികെയെറിഞ്ഞ് വീണ്ടും മുറിവേൽക്കുന്നവരും, നിശ്ശബ്ദരായി സഹിച്ച് മരിക്കുന്നവരും ഭൂമിയിലുണ്ട്. പ്രകൃതിയിലേക്കും, പ്രപഞ്ചത്തിലേയ്ക്കും കല്ലുകൾ ഇടതടവില്ലാതെ വന്ന് വീഴുന്നു.

 

മുന്നോട്ട് നടക്കുമ്പോൾ തട്ടി വീഴുന്ന ചില കല്ലുകൾ മുന്നിലുണ്ട്. നീറ്റലും മുറിവുമുണ്ടായാലും നടക്കുക. ഭൂമി വിശാലവും സുമനസ്സുകളാൽ സമൃദ്ധവുമാണ്. അറിവില്ലായ്മ മൂലവും, പ്രകോപനങ്ങൾ മൂലവും ചില കല്ലുകൾ എറിയാനിടവരാത്തവരായി ആരും തന്നെയുണ്ടാവില്ല. നമ്മൾക്ക് നേരെയും കല്ലുകൾ വന്ന് വീണേക്കാം. അതൊന്നും സൂക്ഷിക്കേണ്ട ആവശ്യമില്ല. ഭൂമിയുടെ വിശാലമായ ഇടങ്ങളിൽ അതിമനോഹരങ്ങളായ കല്ലുകളുണ്ട്, പുഴ മിനുക്കിയവ, പർവ്വതങ്ങളുടെ കല്ലുകൾ, കടലേറ്റത്തിൽ ഒഴുകിയെത്തിയവ, ശില്പികൾ കൊത്തിയുണ്ടാക്കുന്ന കൽശില്പങ്ങൾ.. ഭൂമിയുടെ സ്പർശമുള്ള കല്ലുകൾ..

 

ഇപ്പോഴും ഓരോയിടങ്ങളെ ഓർമ്മിക്കാൻ ഒരു കല്ലെടുത്ത് സൂക്ഷിക്കുന്ന കൗതുകം ഇപ്പോഴുമുണ്ട്. ശരത്കാലം എന്ന സമാഹാരത്തിൽ കല്ലുകൾക്ക് വേണ്ടിയെഴുതിയ കവിത ചേർത്തത് ഭൂമിസ്പർശമുള്ള കല്ലുകളോടുള്ള കൗതുകം കൊണ്ടാണ്. ഒരു മഞ്ചാടിക്കുരു, പൂവ്, വേനൽ, മഴ, , മഞ്ഞ്, മണ്ണിൻ്റെ സ്പർശമുള്ള കല്ല്..

 

 

ഒരേ നിറവും സുഗന്ധവുമുള്ള ഭൂമി

 

 (എന്താണ് കൊണ്ടു വരേണ്ടതെന്ന് അകലങ്ങളിലുള്ള സുഹൃത്തുക്കൾ ചോദിക്കുമ്പോൾ അവിടെയുള്ള ഭൂമിയുടെ  ഗന്ധമുള്ള  കല്ലു കൊണ്ട് തരാനാണ് പറയുക. അങ്ങനെയുള്ള ഭൂമിയുടെ  കല്ലുകൾക്കും, അതേകിയവർക്കും എവിടെ പോയാലും ഒരു ചെറിയ കല്ല് ഭൂമിയുടെ ഓർമ്മയ്ക്കായ് എടുത്ത് സൂക്ഷിക്കുന്ന എൻ്റെ  വിചിത്രകൗതുകത്തിനും  സമർപ്പണം)

 

കുടമാറ്റങ്ങൾ കണ്ടു ഋതുക്കൾ

നടന്നോരു വഴിയിൽ പെയ്യും മഴ!

ഞാനൊരു കിനാവിൻ്റെ  നിഴൽ

വീണൊരു മുഖം കണ്ടതും

പടിഞ്ഞാറിൻ വയലിൽ നിന്നും

ആമ്പൽപ്പൂവുകൾ കവർന്നതും,

രാജഘട്ടതിൽ കണ്ട ഗാന്ധിയിൽ,

തുലാമഴതോരാതെ പെയ്തേറിയ

അജ്മീറിൻ ഫോർട്ടിന്നുള്ളിൽ

ഇതാണു സുവർണ്ണമാമത്ഭുതം!

വഴികാട്ടി പറഞ്ഞു മധുരയുണ്ടരികിൽ

കമാൻഡോകൾ കറുത്ത ബൂട്ടിൽ-

കാവൽ നിൽപ്പുണ്ട് സ്വർഗങ്ങൾക്കായ്!.

അവരെക്കടന്നു ഞാൻ കണ്ടൊരു കൃഷ്ണൻ

എന്റെ വിളിച്ചാൽ വിളി കേൾക്കും

 മുളം തണ്ടോടക്കുഴൽ!

ചുമന്ന മണ്ണിന്നിടയ്ക്കൊരു കല്ലിനെത്തേടി

നടന്നു ഞാനും എനിയ്ക്കോർമ്മയിൽ

സൂക്ഷിക്കുവാൻ.

 

പറഞ്ഞു  വിശാഖയന്നൊരിക്കൽ

അയോദ്ധ്യയിലെനിക്കുണ്ടൊരു വീട്

സ്വന്തമായൊരു ഭൂമി,യവിടെ മെഷീൻ-

ഗണ്ണും ചൂടിനിൽക്കുന്നു ത്രേതായുഗത്തെ

രക്ഷിക്കുവാൻ ഇന്ത്യതൻ മഹാസൈന്യം!

അന്നു ഞാൻ ചോദിച്ചു  പോയ്

എനിയ്ക്കായൊരു കല്ല് കൊണ്ടു-

വന്നീടാൻ തരപ്പെടുമോ സൂക്ഷിക്കുവാൻ.

 

കുളിർ പെയ്തൊഴുകിയ

 പുലരിയ്ക്കുള്ളിൽ   പഞ്ച-

മുഖമായ് രുദ്രാക്ഷങ്ങൾ-

കൺകളിൽ നിറയുമ്പോൾ

ഗുരുശിഖാഗഹ്വരമുത്തുംഗ-

ശൃംഗത്തിൽ നിന്നെടുത്തു

ഞാനോർമ്മിക്കാനൊരു വെള്ളാരം കല്ല്!

കുളിർന്ന മഴയുടെ നനവിൽ ഞാൻ മന്ത്രിച്ചു

ഓരോ ഭൂമിയ്ക്കും ഒരേ നിറവും സുഗന്ധവും.

 

തണൽമരത്തിൻ ചോട്ടിൽ സൗഹൃദം നുകർന്നെത്ര

പകൽ ഞങ്ങളൊന്നിച്ച് സ്നേഹിച്ച കലാലയം

കഴിഞ്ഞ വർഷം ഞങ്ങൾ കണ്ടുമുട്ടിയ-

നീണ്ട പകലിൽ സ്മൃതിയുടെ സന്ധ്യയും, പ്രകാശവും

എനിയ്ക്കായ് ഞാൻ ചോദിച്ച  ഡാനൂബിൻ

വെൺകല്ലുകളതിൽ നിന്നുണർന്നൊരു ഭൂഖണ്ഡം

പലവഴിയൊഴുകും നദിയുടെ പവിത്രസ്ഥലം 

നദിയൊഴുകിച്ചേരും കണ്ടു തീരാത്ത കടലാഴം

 

കല്ലുകളെനിക്കുണ്ട് ഗംഗയെ സ്പർശിച്ചവ-

ഉത്ഭവസ്ഥലത്തിന്റെ സത്യമാർന്നുണർന്നവ

നടന്ന ദൂരം താണ്ടിയൊരിക്കൽ എന്നെത്തേടി

അരികിൽ വന്നു വൈഷ്ണോദേവിയെ പൂജിച്ചവ

അപ്സരകുണ്ടിൽ തെളിനീരു പോലൊഴുകുന്ന

ശുദ്ധമാം ജലത്തിന്റെ സ്ഫടികതലങ്ങളിൽ

ഹമ്പിയിൽ, കനൽക്കോളു വീഴുന്ന തീക്കാലത്തിൽ

തുംഗഭദ്രയിൽ, ധർമ്മസ്ഥലയിൽ, കുടകിലും

ടിബറ്റിൻ മൊണാസ്ട്രിയിൽ, ദക്ഷിണഗംഗേ നിന്റെ

കനത്ത മഴക്കൂട്ടിൽ തലക്കാവേരിയ്ക്കുള്ളിൽ

സൃഷ്ടിതൻ സ്നേഹത്തിന്റെയോർമ്മപോൽ

ഞാനേറ്റിയതോരോരോ ചെറുകല്ല്;

ഭൂമി തൻ മുദ്രാങ്കിതം

 

മാത്രിമന്ദിറിൽ മഞ്ചാടിക്കുരു പൊഴിഞ്ഞൊരു

യാത്രികർ നീങ്ങും വഴിയ്ക്കരികിൽ, ഓറോവിലിൻ

സുവർണ്ണാഭമാം  ധ്യാനഗൃഹത്തിന്നരികിലായ്

തിരഞ്ഞു ഞാനും ചെറുകല്ലുകൾ എനിക്കോർമ്മ-

പുതുക്കാനിതേ പോലെ ഭൂമി തൻ സ്നേഹം വേണം.

അലയേറ്റിടും കടൽ മാമലപ്പുറത്തിന്റെ

പുരാവൃത്തങ്ങൾ കൊത്തിവച്ചൊരു ശില്പങ്ങളിൽ,

എന്നെ ഞാനെഴുതിയ വെൺ ശംഖിൽ

ജ്വലിച്ചുയർന്നെന്നുമേ തിളങ്ങുന്ന

സന്ധ്യതൻ ദീപങ്ങളിൽ,

വെണ്മഴുവുയർത്തിയ തീരദേശത്തിൽ കണ്ടു-

കണ്ടുകൊണ്ടിരിക്കുന്ന എന്റെ ഗ്രാമത്തിൽ

പെയ്തു പെയ്തു തോർന്നൊരു മഴസുഗന്ധം-

മണ്ണിൻ ഗന്ധം..

 

കല്ലുകളെനിക്കുണ്ട് ജീവനെ സ്പർശിച്ചവ,

മൺതരിയെനിക്കുണ്ട് പ്രാണനെ ചുംബിച്ചവ.

ശംഖുകളെനിക്കുണ്ട് കടലിൻ ഉപ്പുള്ളവ

കണ്ണുനീരുണ്ട് ഘനമേഘം പോലുറഞ്ഞവ

ഭൂമിയൊന്നെനിക്കുണ്ട് ഹൃദയാകൃതിപോലെ

സ്നേഹത്തിൻ നിറമുള്ള, സുഗന്ധം സൂക്ഷിക്കുന്ന

ഭൂമിയാ ഭൂമിയ്ക്കുള്ളിലൊളിച്ചിരുപ്പൂ

പണ്ട് ഭൂമിയെ നുകർന്നൊരു കുരുന്നു ബാല്യം..

 

==============================================

 

*ഡാന്യൂബ്        - യൂറോപ്പിൽ പലരാജ്യങ്ങളിലൂടെ ഒഴുകുന്ന നദി

*ഗുരുശിഖാർ    - രാജസ്ഥാനിലെ ആരവല്ലിയിലെ  ഏറ്റവും ഉയർന്ന കൊടുമുടി

*മാത്രിമന്ദിർ     - പോണ്ടിച്ചേരിയിലെ ഓറോവില്ലിലെ ധ്യാനസ്ഥലം- 

മാതാവിൻ്റെ  മന്ദിർഎന്നറിയപ്പെടുന്ന  ഗോളവിസ്മയം

*മാമലപ്പുറം     - മഹാബലിപുരം

 

================================================================

(ശരത്കാലം സമാഹാരം) 

Friday, December 6, 2024

A TRIBUTE TO TATA - WFY SPECIAL

 

AMELIORATION

Rema Pisharody